
ദോഹ:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ആസിയാൻ' (ASEAN) രൂപീകരണത്തിന്റെ 59-ാം വാർഷിക വേളയിൽ, ഖത്തറും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ മാസം മനിലയിൽ നടന്ന 59-ാമത് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഖത്തറിന് 'സെക്ടറൽ ഡയലോഗ് പാർട്ണർ' (Sectoral Dialogue Partner) പദവി നൽകിയിരുന്നു.
വികസനം, മാനുഷിക സഹായം, വിദ്യാഭ്യാസം, ഗതാഗതം, ഊർജ്ജം എന്നീ മേഖലകളിൽ ഖത്തറുമായുള്ള പങ്കാളിത്തം വരുംനാളുകളിൽ കൂടുതൽ വിപുലമാകുമെന്ന് ആസിയാൻ പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്തറും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള വാർഷിക ഉഭയകക്ഷി വ്യാപാരം നിലവിൽ 15 ശതകോടി (15 Billion) ഡോളറിലെത്തി.ഊർജ്ജം, വ്യോമയാനം, കൃഷി, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ്, ടെലികോം, ഫിൻടെക് തുടങ്ങിയ മേഖലകളിൽ ശക്തമായ സഹകരണം നിലനിൽക്കുന്നു.മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഖത്തർ നാഷണൽ വിഷൻ 2030-ന് അനുയോജ്യമായ രീതിയിലുള്ള നിക്ഷേപങ്ങൾ എത്തിക്കുന്നതിനും ഈ പങ്കാളിത്തം വലിയ പങ്ക് വഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.










